Monday, September 10, 2012

റമദാനില്‍ നോമ്പ് പിടിക്കാതിരുന്നവരുടെ കാര്യമോ??? -Reply to NV zakariyya article in shabab 07-SEPT-2012

(ജനാബ് സക്കരിയ്യ സാഹിബ് ശബാബില്‍ 07-SEPT-2012 എഴുതിയ കുറിപ്പിനോടുള്ള വിയോജിപ്പ്)


കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തനം നടത്തുന്ന ജനാബ്‌ അലിമണിക്‌ഫാന്‍ നേതൃത്വം നല്‍കുന്ന ഹിജ്‌റ കമ്മറ്റി പ്രതിഫലേച്ചയോ സാമ്പത്തിക തിരിമറികളോ മാസവരിയോ ഇല്ലാത്ത ഒരു സംഘടനയാണ്‌.........
 മുസ്‌ലിംകളുടെ നോമ്പും പെരുന്നാളും ഏകീകരിക്കുകയാണ്‌ സംഘടനയുടെ പ്രഖ്യാപിത അജണ്ട എന്ന പരാമര്‍ശം തെറ്റാണ്‌. നോമ്പും പെരുന്നാളും എകീകരിക്കല്‍ അല്ല മറിച്ച്‌, അല്ലാഹു ഒരു കലണ്ടര്‍ പ്രപഞ്ചാരംഭത്തില്‍ തന്നെ ഒരു സംവിധാനിച്ചിട്ടുണ്ടെന്നും അതനുസരിച്ചാണ് മനുഷ്യന്‍ അവന്റെ കാര്യങ്ങള്‍ ചെയ്യേണ്ടത് എന്നും വിശുദ്ധ ഖുര്‍ആന്‍ 2:189, 9:36,37 തുടങ്ങിയ വചനങ്ങളുടെ അടിസ്ഥാനത്തില്‍ ഹിജ്‍റ കമ്മറ്റി ലോകത്തോട് പറയുന്നു. കൂടുതലൊന്നും അതിന്‌ കഴിഞ്ഞിട്ടില്ല; മറ്റൊന്നും കൊണ്ടല്ല. അതിനപ്പുറം ഹിജ്‍റ കമ്മിറ്റിക്ക് ഉദ്ദേശം ഇല്ല. അനേകം സംഘടനകള്‍ വിവിധതരത്തിലുള്ള പ്രവര്‍ത്തനത്തില്‍ ഉള്ള സാഹചര്യത്തില്‍ അതേ പ്രവര്‍ത്തനം ചെയ്യാന്‍ ഇനിയും ഒന്നിന്റെ കൂടി ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ കലണ്ടര്‍ പ്രചരിപിക്കാന്‍ ആരെയും രംഗത്ത് കണ്ടില്ല. ആ ദൌത്യം കൂടി ഇതര സംഘടനകള്‍ ഏറ്റെടുക്കുകയാണെങ്കില്‍ പിന്നെ ഹിജ്റ കമ്മിറ്റിയുടെ ആവശ്യം പൊലും ഇല്ല, അത് പിരിച്ചുവിടാവുന്നതാണ്‌.


ലോകത്ത് മിക്ക രാജ്യങ്ങളും വെള്ളിയാഴ്ച റമദാന്‍ 1 നോമ്പുപിടിച്ചപ്പോള്‍ ഈപറഞ്ഞ വിമര്‍ശകരെ ആ കൂട്ടത്തില്‍ കണ്ടില്ലല്ലോ?? പക്ഷെ ആ കൂട്ടത്തില്‍ ഹിജ്റ കമ്മിറ്റിക്കാരുണ്ടായിരുന്നു.


പിന്നെ ആള്‍ബലത്തിന്‍റെ കാര്യം. ഇന്ന് ഭീമാകാരമായി വളര്‍ന്ന്, പിന്നെ പിളര്‍ന്നും കൊണ്ടിരിക്കുന്ന സംഘടനയുടെ ഭൂതകാലം എന്തായിരുന്നു.? പള്ളി ശ്മശാനത്ത് മയ്യത്ത് മറമാടാന്‍ പോലും ശേഷിയില്ലാത്ത ദുര്‍ബലരായിരുന്നില്ലേ, ആദ്യകാലക്കാര്‍ ?? സത്യം പറയുന്നവര്‍ ഒറ്റപെടും, അത് പ്രകൃതി നിയമം. പക്ഷെ നൂഹ് നബിയുടെ കപ്പലിലെക്കാള്‍ കൂടുതല്‍ ആളുണ്ടായിരുന്നു ഹിജ്റ കമ്മറ്റിയുടെ ഈദ് ഗാഹില്‍!!. അത് കൊണ്ട് ദീനിന്റെ കാര്യത്തില്‍ ആള്‍ബലം വിഷയമല്ല.


ലോകത്ത് മിക്കവര്‍ക്കും നോമ്പും, നമ്മുടെ നാട്ടിലെ മുസ്‍ലിംകള്‍ക്ക് "കുശാല്‍ തീറ്റിയും" ആയപ്പോള്‍ പരിഹാസ്യത ഉണ്ടായില്ലേ?? ലോകത്ത് നോമ്പ് തുടങ്ങിയപ്പോള്‍ ഈപറഞ്ഞവര്‍ക്ക് ശഅബാന്‍ തീര്‍ന്നിട്ടുണ്ടായിരുന്നില്ല. ഒരു വിഷയത്തില്‍ തന്നെ രണ്ട്‌ നയം. അതിവിടെ മനപ്പൂര്‍വം ഒളിക്കുന്നതെന്തിന്‌ ??


ഹിജ്റ കമ്മിറ്റിക്കാര്‍ എല്ലാവര്‍ഷവും ചന്ദ്രന്റെ വൃധിക്ഷയങ്ങളുടെ ചിത്രങ്ങളോട് കൂടിയ കലണ്ടര്‍ ഇറക്കുന്നുണ്ട്. അതില്‍ അച്ചടിച്ചിട്ടുള്ള ഓരോ ദിവസത്തെ ചന്ദ്രന്റെ കലകളും ആകാശത്ത് അതതു ദിവസം കാണുന്ന കലകളും തമ്മില്‍ വ്യത്യാസം വരാറില്ല. ആ സ്ഥിതിക്ക് ചന്ദ്രക്കലകളോടൊപ്പം കാണിച്ചിരിക്കുന്ന അക്കങ്ങള്‍ക്കും അഥവാ തിയ്യതികള്‍ക്കും മാറ്റമുണ്ടാകില്ല. അപ്പോള്‍ പ്രകൃതിയിലെ കലണ്ടര്‍ പ്രകാരം ദുല്‍ഹിജ്ജ 9 നു അറഫയില്‍ നില്ക്കാന്‍ മുഹമ്മദ്‌ നബി(സ) ലൂടെ അല്ലാഹു കല്പിച്ചതനുസരിച്ചു അറഫയില്‍ നില്‍ക്കുന്നു. മറ്റ് ആളുകള്‍ നില്‍ക്കുന്നുണ്ടോ എന്ന് നോക്കിയല്ല.


2) തെറ്റിക്കപ്പെടുന്ന തുടക്കം


ഹിജ്റ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന കലണ്ടറില്‍ അമാവാസി രേഖപെടുത്തിയിരിക്കുന്നത് മാസത്തിന്റെ അവസാന ദിവസത്തിലാണ്. പുതിയ മാസത്തിന്റെ ഒന്നാം തിയ്യതി ആദ്യത്തെ കാണാവുന്ന ചന്ദ്രക്കല രേഖപ്പെടുത്തിയിട്ടുമുണ്ട്. ഹിജ്റ കമ്മിറ്റി ഇത് പ്രസിദ്ധീകരിക്കുന്നത് ഖുര്‍ആന്‍ 2:189 പ്രകാരമാണ്. ഇത് തെറ്റാണെങ്കില്‍ മേല്‍ പറഞ്ഞ ഖുര്‍ആന്‍ വചനം അനുസരിച്ച് ചന്ദ്രകലകളോട് കൂടിയ ഒരു കലണ്ടര്‍ വിമര്‍ശകര്‍ ഉണ്ടാക്കട്ടെ. അതിനു ശേഷമാവാം ഹിജ്റ കമ്മിറ്റി യെ വിമര്‍ശിക്കല്‍. അതാണ് മാന്യത.


നോമ്പും പെരുന്നാളും മാത്രമല്ല വര്‍ഷത്തിന്റെ മുഴുവന്‍ ദിവസങ്ങളും കണക്കാക്കുന്നത് ചന്ദ്രന്റെവൃദ്ധിക്ഷയങ്ങള്‍ (Lunar Phases) അനുസരിച്ചാണെന്ന് പറഞ്ഞല്ലോ. അപ്പോള്‍ ഹിജ്റ കമ്മിറ്റിക്കാര്‍ ഒരുദിവസം നേരത്തെയല്ല, മറിച്ച്‌ വിമര്‍ശകര്‍ ഒന്നും രണ്ടും മൂന്നും ദിവസങ്ങള്‍ വൈകിയാണ് നോമ്പും പെരുന്നാളും ആചരിക്കുന്നത് എന്ന് പറയുന്നതാവും കൂടുതല്‍ ശരി.


ന്യൂമൂണ്‍ കണക്കാക്കുക എന്നത് പ്രായോഗികവും മാസപിറവി ദര്‍ശിക്കുക എന്നത് അപ്രായോഗികവും ആണ്‌. വിമര്‍ശക ലേഖകന്‍ തന്‍റെ ജീവിതത്തില്‍ എത്ര പ്രാവശ്യം മാസപിറവി ദര്‍ശിച്ചിട്ടുണ്ട് എന്നറിയാന്‍ ഈയുള്ളവനോടൊപ്പം ജനങ്ങള്‍ക്കും താല്പര്യമുണ്ട്?? മറ്റൊരു വസ്തുത ന്യൂമൂണ്‍ എന്നത് ഒരാഗോള പ്രതിഭാസവും ചന്ദ്രക്കല ദര്‍ശനം എന്നുപറയുന്നത് വടക്കന്‍ കേരളത്തിലെ ചില തീരദേശങ്ങളില്‍ നടക്കുന്ന "പ്രതിഭാസവുമാണ്‌" (കാപ്പാട്, മാറാട്‌, പൊന്നാനി). എന്നാല്‍ ഇന്ന് വരെ അത് കണ്ടവരുടെ പേര്‌ വിവരം വിമര്‍ശകരുടെ "ഹിലാല്‍ കമ്മറ്റി" പോലും പ്രസിദ്ധപ്പെടുത്തിയിട്ടുമില്ല. അവര്‍ സ്വയം കണ്ടിട്ടുമില്ല, കണ്ടതാരെന്ന് അറിഞ്ഞിട്ടുമില്ല.


3) ചിതലെടുത്ത അടിത്തറ


അന്താരാഷ്‌ട്ര ദിനമാറ്റരേഖ (international dateline) ആഗോള സമയം (universal time) കറുത്തവാവ്‌ അഥവാ അമാവസി (new moon) എന്നിവക്ക് പ്രാധാന്യം ഉണ്ട്. ഇതെല്ലാം യാഥാര്‍ത്ഥ്യങ്ങളാണ്‌. ഖുര്‍ആന്‍ 9:36ല്‍ പറഞ്ഞ പ്രകാരം ഭൂമിക്കു ഒരു കലണ്ടര്‍ ഉണ്ടെങ്കില്‍ അത് മേല്‍പറഞ്ഞ പ്രപഞ്ച സത്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ സാധ്യമകയുള്ളൂ. മുസ്ലിംകള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ആ വ്യവസ്ഥയനുസരിച്ചാണ് ഭൂമിയില്‍ മാസം മാറുന്നതും ദിവസം മാറുന്നതുമെല്ലാം. കാരണം അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുന്‍പ് തന്നെ ആകാശ ഗോളങ്ങളെയും അതിലെ കാലഗണയും സംവിധാനിച്ചു. ഈ വസ്‍തുതകളെല്ലാം മനുഷ്യന്‍ കണ്ടെത്തി അവന്‍ ഓരോന്നിനും ഓരോ പേര് നല്‍കിയെന്ന് മാത്രം. 1884 ല്‍ IDL പ്രഖ്യാപിക്കുന്നതിന്‌ മുമ്പും ലോകത്ത് ദിവസം, മാസം, വര്‍ഷം തുടങ്ങിയവ ഉണ്ടായിരുന്നു. അവയെല്ലാം യഥാവിധി നടന്നിരുന്നു. വാഷിങ്‍ടനില്‍ യോഗം ചേരുന്നതിനു മുന്‍പും ജനങ്ങള്‍ വെള്ളിയാഴ്ച ജുമുഅ നമസ്കരിച്ചിരുന്നു. IDL നെ വിമര്‍ശിക്കുമ്പോള്‍, 1884 നു മുന്‍പ് ഭൂമിയില്‍ എവിടെനിന്നാണ് ദിവസം ആരംഭിചിരുന്നത് എന്നു കൂടി ലേഖകന്‍ വ്യക്തമാക്കിത്തരണം?


കറുത്തവാവ് എന്ന് പറയുന്നത് ചന്ദ്രനെ ഭൂമിയില്‍ നിന്ന് നഗ്‍നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പറ്റാത്ത അവസ്ഥയാണ്.  ഇത് ഏകദേശം ഭൂമിയില്‍ ഒരു ദിവസത്തോളം നീണ്ടുനില്‍ക്കും.  ഇതിനു കാരണം  സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ പ്രതലത്തില്‍ വരുന്നത് കൊണ്ടാണ്, ഇത് തന്നെ ഒരേ രേഖയില്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. മാസം  മാറുന്നത് നമുക്ക് നഗ്ന നേത്രം കൊണ്ട് തന്നെ ദര്‍ശിക്കാന്‍ സാധിക്കുന്ന ഒരേയൊരു സമയം സൂര്യഗ്രഹണം സംഭവിക്കുമ്പോള്‍ മാത്രമാണ്  . ഈ ദിവസത്തില്‍ ചന്ദ്രനും സൂര്യനും തമ്മിലുള്ള ഉദയാസ്തമയ വ്യത്യാസം ഏതാനും മിനിട്ടുകള്‍ മാത്രമാണ്. അപ്പോള്‍  സൂര്യപ്രകാശം പതിക്കുന്ന ചന്ദ്രന്റെ ഭാഗം പൂര്‍ണമായും ഭൂമിക്കെതിര്‍ വശത്തായിരിക്കും. ഭൂമിക്കഭി മുഖമായിരിക്കുന്ന ഭാഗം തീര്‍ത്തും ഇരുണ്ടതായിരിക്കും. ഗ്രഹണം നടക്കുമ്പോഴും നാം കാണുന്നത് ചന്ദ്രന്റെ ഇരുണ്ട ഭാഗം മാത്രമാണ്. 
 ഇതിനാണ് നബി (സ) അത് "മറയപെട്ടാല്‍" മാസം പൂര്‍ത്തിയാക്കുക എന്നുപറഞ്ഞത്‌. അതാണ് ഹിജ്റ കലണ്ടറില്‍ മാസത്തിന്റെ അവസാന ദിവസത്തിന്റെ കോളത്തില്‍ പൂര്‍ണമായും കറുപ്പ് കാണിച്ചിരുക്കുന്നത്. എന്നാല്‍ മേഘം മൂലം മറയപ്പെടുക എന്നത് നൈമിഷികമായ ഒരു അവസ്ഥായാണ്. അത് മൂലം ഒരു തിയ്യതി മാച്ചുകളയുക എന്നത് തികച്ചും അസംബന്ധമാണ്. അത് പോലെ തന്നെ ചന്ദ്രന്റെ മന്സിലുകളെ ഉര്‍ജ്ജൂനുല്‍ ഖദീം വരെ നിശ്ചയിച്ചിരിക്കുന്നു എന്നുപറഞ്ഞാല്‍; അത് കഴിഞ്ഞാല്‍ പിന്നെ ന്യൂമൂണ്‍ ആണ് എന്നര്‍ത്ഥം, അല്ലാതെ മറ്റെന്താണ് എന്ന് വിമര്‍ശകന്‍ വ്യക്തമാക്കണം.


ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതും ഭൂമി സ്വയം ഭ്രമണം ചെയ്യുന്നതും , ഭൂമി സൂര്യനെ വലംവയ്കുന്നതും ഇസ്ലാമുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണോ??


4) അന്യംനില്‍ക്കുന്ന കാഴ്‌ചപ്പാട്‌


നബി തീരുമേനിയുടെ കാലം മുതല്‍ നിരക്ഷേപം തുടരുന്ന ചന്ദ്രമാസ നിര്‍ണയ രീതികളാണ് ഇന്നും തുടരുന്നത് എന്നുണ്ടെങ്കില്‍ പിന്നെ ആധുനികമായ ചര്‍ച്ചകളുടെ ആവശ്യം എന്തായിരുന്നു? എന്നിട്ട് പണ്ഠിതന്മാരെല്ലവരുംകൂടി ചര്‍ച്ച ചെയ്തിട്ട് ഏതെങ്കിലും ഒരു കാര്യതിനെങ്കിലും തീരുമാനമായോ? ആ ചര്‍ച്ചകളിലൊന്നും ആഗോള സമയവും ദിനമാറ്റ രേഖയും അമാവസിയും കാണുകയില്ല. അത്കൊണ്ട് തന്നെയാണ് ആ ചര്‍ച്ചകളെല്ലാം എങ്ങുമെത്താതെ ഇന്നും കിടന്നു കറങ്ങി കൊണ്ടിരിക്കുന്നത്.. രോഗത്തിന്റെ മൂലകാരണം മനസ്സിലാക്കാതെ ചികിത്സിക്കാന്‍ ഇറങ്ങിപുറപ്പെട്ട വൈദ്യന്‍മാരുടെ സ്ഥിതിയാണ് ഈ പണ്ഠിതന്മാര്‍ക്ക്.


ഒരു തീയ്യതി തന്നെ മൂന്ന് ദിവസങ്ങളിലായി ആചരിക്കേണ്ടിവരുന്നത് കൊണ്ട് തന്നെ അവരൂന്നിയ അടിസ്ഥാനങ്ങള്‍ ഒരിക്കലും നിലനില്കുന്നതല്ല എന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി തന്നെ മതി. അപ്പോള്‍ പിന്നെ തികച്ചും വ്യത്യസ്തവും ശാസ്ത്രീയവും പ്രയോഗികവും ആയാല്‍ മാത്രമേ അത് ഖുര്‍ആനിനും സുന്നത്തിനും യോജിക്കുന്നതാകയുള്ളൂ. ദീനില്‍ നിങ്ങള്‍ക്ക് പ്രയാസങ്ങളില്ല എന്ന വചനം ഇവടെ ശ്രദ്ധേയമാണ്.


"കാഴ്ച്ചയുടെ അടിസ്ഥാനത്തില്‍ മക്കയില്‍ മാസം നിര്‍ണ്നയിക്കുന്നു ..... " എന്നത് ശരിയല്ല. യഥാര്‍ത്ഥത്തില്‍ അവരും ന്യൂമൂണിനെ അടിസ്ഥാനപ്പെടുത്തിയാണ് മാസ നിര്‍ണയം നടത്തുന്നത്. പക്ഷെ മഗ്രിബിന് ദിവസം ആരംഭിക്കുന്നു എന്ന ജൂത സമ്പ്രദായം എങ്ങിനെയോ അവരിലേക്കും കടന്നുകൂടിയത് കൊണ്ടുള്ള തകരാറാണ് മക്കയിലും സംഭവിച്ചിരിക്കുന്നത്. വിശദമായി പറഞ്ഞാല്‍ മക്കയിലെ മഗ്രിബിന് മുമ്പ് ലോകത്ത് ന്യൂമൂണ്‍ ഉണ്ടായാല്‍ പിറ്റേ ദിവസം അവര്‍ ഒന്നാം തിയ്യതിയായി കണക്കാക്കുന്നു. മറിച്ച്‌ മക്കയിലെ മഗ്രിബിന് ശേഷമാണു ലോകത്ത് ന്യൂമൂണ്‍ സംഭവിക്കുന്നത് എങ്കില്‍ അതിന്റെ രണ്ടാം ദിവസമാണ് ഒന്നാം തിയ്യതിയായി അവര്‍ കണക്കാക്കുന്നത്. അതുകൊണ്ടാണ് ചില സന്ദര്‍ഭങ്ങളില്‍ ഹിജ്റ കലണ്ടറുമായി അവര്‍ ഒത്തുവരുന്നത്.



5). അര്‍ധരാത്രിയും അസ്‌തമയവും


"രാവും പകലും ഉള്‍ക്കൊള്ളുന്ന ഹിജ്‌റ മാസത്തിലെ ഓരോ തിയ്യതിയും നിലകൊള്ളുന്നത്‌ രണ്ടു ദിവസങ്ങളിലായിരിക്കും” എന്ന് ലേഖകന്‍ എഴുതിക്കണ്ടു.


അങ്ങിനെയെങ്കില്‍, ആകാശ ഭൂമികളെ സൃഷ്‌ടിച്ച ദിവസം "യൌം" മുതല്‍ കലണ്ടര്‍ ആരംഭിച്ചു എന്ന് ഖുര്‍ആന്‍ പറഞ്ഞതെന്തിന്‌? ദിവസങ്ങള്‍ മുതല്‍ എന്നല്ലേ പറയേണ്ടത്? അങ്ങിനെ രണ്ട് ദിവസങ്ങളിലായാണ്‌ ഒരു തിയതി വരിക എന്നുണ്ടെങ്കില്‍ 'ശബാബ്' ഉള്‍പ്പെടെയുള്ള കലണ്ടറുകളില്‍ ഒരു തീയ്യതിക്ക് രണ്ടു ദിവസങ്ങള്‍ രേഖപ്പെടുത്താത്തത് എന്തു കൊണ്ട്?


സൂര്യാസ്തമയത്തോടെ ദിവസം ആരംഭിക്കുന്നതിനല്ല, മറിച്ച്; തെളിവ് മുഴുവന്‍ ഫജരിനു ദിവസം ആരംഭിക്കുന്നതിനാണ്‌.


1. ദിവസത്തിലെ അവസാന നമസ്കാരം വിതര്‍.


2. ദിവസത്തിലെ മധ്യ നമസ്കാരം അസര്‍


3. രാത്രി പകലിനെ മുന്‍കടക്കുകയില്ല എന്ന ഖുര്‍ആന്‍ വചനം


4. ആകാശ ഭൂമികളെ സൃഷ്ടിച്ച ദിവസം(യൗം) മുതല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു എന്ന വചനത്തിലെ "യൗം". "യൗം" എന്നുപറയുന്നത് പ്രഭാതം കൊണ്ട് തുടങ്ങുന്നതിനെയാണ്.


5."നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണ്ണമായി അനുഷ്ഠിക്കുകയും ചെയ്യുക" 2:187. നോമ്പാരഭിക്കുന്നത് പ്രഭാതത്തിലാണ് എന്ന് മനസ്സിലാക്കാം .


ഗ്രീന്വിച്ചില്‍ അര്‍ദ്ധരാത്രി 12 മണി എന്നുപറയുന്നത് മക്കയില്‍ വെളുപ്പിന് 3 മണിയാണ്. അപ്പോള്‍ യഥാര്‍ഥത്തില്‍ അവര്‍ തീരുമാനിച്ചത് മക്കയിലെ വെളുപ്പിന് 3 മണിക്ക് തന്നെ ദിവസം മാറ്റാം എന്നുതന്നെയല്ലേ? മക്കയിലെ വെളുപ്പിന് മൂന്ന് മണി എന്നത് അവിടെ ഖിയമുല്ലൈലിന്റെയും വിതര്‍ നമസ്കാരത്തിന്റെയും സമയമാണ്. അഥവാ രാത്രിയുടെ അവസാനയാമം. ഇത് കഴിഞ്ഞാല്‍ പിന്നെ ഫജരിന്റെ ആരംഭമാണ്. ആ സമയം IDLല്‍ നട്ടുച്ചയ്ക്ക് 12 മണി, ഇവിടെയാണ്‌ കിഴക്കും പടിഞ്ഞാറും തമ്മില്‍ കണ്ടുമുട്ടുന്ന സ്ഥലം. വാഷിങ്ങ്ടനില്‍ യോഗം ചേരുന്നതിനു മുന്‍പും ഇവിടെ തന്നെയാണ് ദിവസമാറ്റം സംഭവിച്ചിരുന്നത്. മാസമാറ്റം സംഭവിക്കുന്നതും ഇവിടെത്തന്നെയാണ്. മക്കയിലെ ഫജരിനു മുന്‍പ് ലോകത്തെവിടെയെങ്കിലും ന്യൂ മൂണ്‍ സംഭവിക്കുകയാണെങ്കില്‍ അഥവാ IDLല്‍ ഉച്ചക്ക് 12 മണിക്ക് മുന്‍പ് അഥവാ ഗ്രീനിചിലെ രാത്രി 12 മണിക്ക് മുന്പ് ന്യൂമൂണ്‍ ഉണ്ടായാല്‍ ആ ദിവസം മാസത്തിന്റെ അവസാന ദിവസമാണ് എന്നും അടുത്ത ദിവസം ഉദിക്കുന്നത് ചന്ദ്ര മാസത്തിന്റെ ഒന്നാം തിയ്യതി ആണ് എന്നതും ലളിതവും പ്രയോഗികവും ശാസ്ത്രീയവും ഖുര്‍ആന്റെയും സുന്നത്തിന്റെയും അദ്ധ്യാപനങ്ങളില്‍ പെട്ടതുമാകുന്നു. ചന്ദ്രമാസത്തിന്റെ മൂന്ന് അടിസ്ഥാന കാര്യങ്ങള്‍ തമ്മിലുള്ള ബന്ദ്ധം ഇപ്പോള്‍ ഏതാണ്ട് മനസ്സിലായിക്കാണും എന്ന് കരുതുന്നു.


ദിവസവും മാസവും തമ്മിലെ ബന്ധമെന്ത്??


ദിവസങ്ങളെ ഒരു പ്രത്യേക രീതിയില്‍ വര്‍ഗ്ഗീകരിക്കുന്നതല്ലേ മാസം?? അതായത് 29 അല്ലെങ്കില്‍ 30 ദിവസങ്ങള്‍ ചേര്‍ന്നത് മാസം. ഒരു രൂപ എന്ന് പറയുന്നത് 100 പൈസയാണ്‌. അതായത്, രൂപയെന്നത് പൈസ അല്ലാതാവുന്നില്ല. എണ്ണം കൂടുമ്പോള്‍ പറയാനുള്ള എളുപ്പത്തിന്‌ കൂട്ടമായി പറയുന്നു എന്ന് മാത്രം. അത് പോലെ തന്നെയാണ്‌ മാസവും ദിവസവും തമ്മിലെ ബന്ധം. ദിവസം ആരംഭിക്കുന്നിടത്തേ മാസവും തുടങ്ങൂ. അതാണ്‌ പ്രകൃതിയിലെ ക്രമം.


6). ലൂണാര്‍ ഡെയ്‌റ്റ്‌ ലൈനിന്‍െറ അഭാവം


നമ്മുടെ വിഷയം മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ ഏറെ സ്വാധീനമുളള കലണ്ടറിന്റെതാണ്‌. അതാണെങ്കില്‍ പ്രപഞ്ചത്തെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതും, അല്ലാഹു ഖുര്‍ആനിലൂടെ കൃത്യമായി പഠിപ്പിച്ചു തന്നിട്ടുള്ളതുമാണ്‌. മറ്റൊരു മതവും ഇതിനെ കുറിച്ച് ഇത്രയേറെ സംസാരിച്ചിട്ടില്ല. എന്നിരിക്കെ ഇസ്ലാമിന്റെ കലണ്ടറിലെ ഒരു തീയ്യതിക്ക് രണ്ട്‌ ദിവസമാണ് എന്ന് പറയാന്‍ നാവ് പോങ്ങുന്നവരുടെ വിശ്വാസം തന്നെ എന്താണെന്നു അന്വേഷിക്കേണ്ടിയിരിക്കുന്നു. വെറുതെയല്ല ഖുര്‍ആന്‍ പറഞ്ഞത് "വിലക്കപ്പെട്ടമാസം പുറകോട്ട് മാറ്റുക എന്നത് സത്യനിഷേധത്തിന്‍റെ വര്‍ദ്ധനവ് തന്നെയാകുന്നു." എന്ന്


അല്ലാഹു പറയാത്ത ഒരു കാര്യമാണ് സൂര്യ മാസവും സൌര കലണ്ടറും. ഇത് മനുഷ്യനിര്‍മിതമാണ്‌. പോപ്‌ ഗ്രിഗോരിയാണ് ഇപ്പോഴത്തെ ക്രിസ്ത്യന്‍ കലണ്ടറിന്റെ നിര്‍മാതാവ്. ഇതിനു യാതൊരു ന്യൂനതയും ലേഖകന്‍ കാണുനില്ല. അല്ലാഹു നിശ്ചയിച്ച നബി(സ) പഠിപ്പിച്ച ചന്ദ്രമാസ കലണ്ടറിനാണു ന്യൂനത. ഇനി അത് ഏകീകരിക്കണമെങ്കില്‍ പുതിയൊരു ദിനമാറ്റ രേഖ കണ്ടെത്തിയിട്ട് വേണം എന്നാണ്‌ ലേഖകന്‍റെ വിലയിരുത്തല്‍.




ദിവസം തുടങ്ങുന്നത് എപ്പോഴാണ് എന്നു മനസ്സിലക്കാന്‍ ഒരെളുപ്പവഴി


1. രാത്രി കിടക്കാന്‍ പോകുന്ന സമയത്ത് "ഇത് ഏത് ദിവസമാണ് "എന്ന് ആരോടെങ്കിലും ചോദിക്കുക. അപ്പോള്‍ കിട്ടുന്ന മറുപടി ഉറങ്ങുമ്പോള്‍ മറന്നു പോകാതിരിക്കാന്‍ എവിടെയെങ്കിലും എഴുതി വെക്കുക.


2. രാവിലെ ഉണര്‍ന്നു കഴിഞ്ഞാല്‍ ഉടനെ തന്നെ ആരോടെങ്കിലും "ഇത് ഏത് ദിവസമാണ് " എന്ന് ചോദിക്കുക. ഉത്തരം കിട്ടിയാല്‍ രാത്രി എഴുതിയ പേപ്പര്‍ എടുത്തു പരിശോധിച്ച് നോക്കുക, ദിവസം എപ്പോഴാണ് ആരംഭിക്കുക എന്ന് അപ്പോള്‍ മനസ്സിലാകും .!!!


മേല്‍ പറഞ്ഞ ചോദ്യങ്ങള്‍ വാവല്‍ (Bats) കളോട് ചോദിക്കരുത് . അവര്‍ക്ക് കണ്ണ് കാണുന്നത് രാത്രിയിലാണ്. അപ്പോള്‍ അവരുടെ ദിവസം തുടങ്ങുന്നതും രാത്രിയിയിരിക്കും!!



ലുണാര്‍ ഡേറ്റ് ലൈന്‍ എന്നത് Multiple Horizonന്‍റെ മറ്റൊരു രൂപമാണ്‌. ഇതിനെയെല്ലാം വര്‍ഷങ്ങക്ക് മുന്‍പ് തന്നെ തകര്‍ത്ത് എറിയപ്പെട്ടിട്ടുള്ളതാണ്‌ .
Read following following animation
http://hijracalendar.in/media/animations/flashmovie/visibilitycurvonearth.swf





ലേഖകന്‍ എഴുതുന്നു "`ആഗോള പണ്ഡിതനും പണ്ഡിതസഭയും' തങ്ങളുടെ നൂതന ആശയങ്ങള്‍ സമര്‍ഥിക്കുന്നതിന്‌ ധാരാളം പുതിയ വാദങ്ങള്‍ ചമച്ചുണ്ടാക്കിയിട്ടുണ്ട്‌. അതില്‍ ഏതാനും കാര്യങ്ങള്‍ കാണുക. 1).തിയ്യതിയുടെ ആരംഭം ഫജ്‌ര്‍ മുതലാണ്‌ തുടങ്ങേണ്ടത്‌. 2). ഇസ്‌ലാമില്‍ രാത്രിയല്ല, പകലാണ്‌ ആദ്യം. 3). മാസം നോക്കേണ്ടത്‌ പ്രഭാതവേളയിലാണ്‌. 4). മഗ്‌രിബിന്‌ മാസം നോക്കുന്നത്‌ ബിദ്‌അത്ത്‌. 5). സ്വഹാബിമാരാരും മാസം നോക്കിയിട്ടില്ല. 6). നോക്കാനുള്ള കല്‍പന കണ്ണുകൊണ്ടല്ല. 7). ന്യൂമൂണ്‍ സെക്കന്റു മാത്രമുള്ള പ്രതിഭാസം. 8). ഉര്‍ജൂനുല്‍ ഖദീം ചന്ദ്രന്‍െറ ഒരു ഘട്ടമാണ്‌. 9) IDL ദൈവികമായ രേഖയാണ്‌. 10). IDL ഖിബലമാറ്റ രേഖയുമാണ്‌. 11). ലണ്ടനിലെ രാത്രി 12 മണിയുടെ മുമ്പും ശേഷവും കണക്കാക്കിയാണ്‌ വ്യത്യസ്‌ത ഹിജ്‌റ തിയ്യതികള്‍ നിശ്ചയിക്കേണ്ടത്‌. 12). നബി തിരുമേനിയുടെ അറഫ വെള്ളിയാഴ്‌ചയല്ല, വ്യാഴാഴ്‌ചയായിരുന്നു തുടങ്ങി എത്രയെത്ര അബദ്ധജടിലമായ പുതിയ വാദമുഖങ്ങളാണ്‌ ഇവര്‍ നിത്യേന ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്‌. ഇവയെല്ലാം ഒന്നുകില്‍ വിവരക്കേടാണ്‌ അല്ലെങ്കില്‍ പ്രമാണവിരുദ്ധമായി കെട്ടിച്ചമച്ചവയാണ്‌.”


ഈ പറഞ്ഞതില്‍ ഒന്നും തന്നെ വിവരക്കേടോ വിഡ്ഢിത്തമോ പ്രമാണവിരുദ്ധതയോ ഇല്ല. ഏത് സമയത്ത് വിളിച്ചാലും തെളിവുകള്‍ ഹാജരാക്കാന്‍ ഹിജ്റ കമ്മിറ്റിക്കാര്‍ ഒരുക്കവുമാണ്. കാരണം അതെല്ലാം തന്നെ അല്ലാഹുവും അവന്റെ ദൂതനും പഠിപ്പിച്ചതും ചരിത്രവും ശാസ്ത്രവും ഒരുപോലെ സമ്മതിക്കുന്നതുമാണ്.


ഹിജ്റ കമ്മിറ്റിക്കാര്‍ ആകെ വില്കുന്നത് വര്‍ഷത്തില്‍ അവര്‍ പ്രസിദ്ധീകരിക്കുന്ന കലണ്ടര്‍ മാത്രമാണ്. അതില്‍ നല്ലൊരു ശതമാനം വില കിട്ടാതെ സൌജന്യമായാണ്‌ കൊടുക്കുന്നതും.


"നോമ്പും പെരുന്നാളും ഐക്യത്തോടെ സന്തോഷപ്രദമായി ഒരേ ദിവസം ആഘോഷിക്കാനുള്ള മുസ്‌ലിം മനസ്സിന്‍െറ അടങ്ങാത്ത ആഗ്രഹം" എന്ന സത്യം ഇപ്പോഴെങ്കിലും ഈ കക്ഷികള്‍ തിരിച്ചറിഞ്ഞതില്‍ സന്തോമുണ്ട്. വര്‍ഷങ്ങള്‍ക് മുന്‍പ് അലി മണിക്ക്ഫാന്‍ ഈ സത്യം തിരിച്ചറിയുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. അതുമാത്രമാണ് അദ്ദേഹം ചെയ്ത കുറ്റം. ചുരുക്കിപറഞ്ഞാല്‍ മണിക്ക്ഫാന് മുമ്പേ ഈ കാര്യം മനസ്സിലാക്കാന്‍ കഴിയാത്തതില്‍ നിന്നും ഉടലെടുത്ത ഒരുതരം കുശുമ്പാണ്‌ അദ്ദേഹത്തിന് എതിരെ ഈ പ്രൊപാഗണ്ട എന്നുകൂടി ജനങ്ങള്‍ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട്.





അബ്ദുള്‍ റഹീം, ഇടപ്പള്ളി.

9 സെപ്തംബര്‍ 2012.

alruman@gmail.com

-----------------------------------------------------

റമദാനില്‍ പെരുന്നാള്‍ ആഘോഷിച്ചവര്‍ ലോകത്ത്‌ ഒറ്റപ്പെട്ടതെന്തുകൊണ്ട്‌? SHABAB 07-SEPT-2012- NV ZAKARIYYA

No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.