Monday, October 22, 2012

അറഫയും ഹജ്ജും ഈദും മുസ്‌ലിം നേതൃത്വവും - EID AZHA 1433 , 25OCT 2012 Notice, CLT



അറഫയും ഹജ്ജും ഈദും മുസ്‌ലിം നേതൃത്വവും

1433 ദുല്‍ഹിജ്ജ മാസം 16.10.12 ചൊവ്വാഴ്‌ച ആരംഭിച്ചു. എന്നാല്‍ സൌദി അറേബ്യയില്‍ സൂര്യാസ്‌തമയ ശേഷം ചന്ദ്രന്‍ ഉണ്ടായില്ല എന്ന ഒരു കാരണം പറഞ്ഞ്‌ ദുല്‍ഹജ്ജ്‌ മാസം തുടക്കം 17ാം തിയ്യതി ബുധനാഴ്‌ചയാണെന്ന്‌ തീരുമാനിക്കുക വഴി സൌദി അറേബ്യ മുസ്‌ലിം ലോകത്തെ വഴി തെറ്റിച്ചിരിക്കുകയാണ്‌. ചന്ദ്രക്കല കണ്ണുകൊണ്ട്‌ കാണണമെന്ന വിശ്വാസം ``കഅബാലയത്തിന്റെ സൂക്ഷിപ്പുകാര്‍ ''ക്കില്ല. കേവലം വിരലിലെണ്ണാവുന്ന രാജ്യക്കാരൊഴിച്ച്‌ മറ്റ്‌ മുസ്‌ലിം രാജ്യങ്ങള്‍ സൌദി അറേബ്യേയെ പിന്‍പറ്റുകയാണ്‌ ചെയ്യുന്നത്‌.,. 

അവര്‍ മാസമാറ്റത്തിനെ ആധാരമാക്കുന്ന രണ്ട്‌ നിബന്ധനകള്‍ ഇതാണ്‌. 
1) മക്കയിലെ സൂര്യാസ്‌തമയത്തിന്‌ മുമ്പ്‌ ന്യൂമൂണ്‍ സംഭവിക്കുക
2) മക്കയിലെ സൂര്യാസ്‌തമയത്തിന്‌ ശേഷം ചന്ദ്രന്‍ അസ്‌തമിക്കുക

15.10.12 ന്‌ മക്കയിലെ പ്രാദേശിക സമയം 3.02pm(12.02UT) ന്‌ ന്യൂമൂണ്‍ സംഭവിച്ചു. ഒന്നാമത്തെ നിബന്ധന പ്രകാരം ചൊവ്വാഴ്‌ച ദുല്‍ഹിജ്ജ ആരംഭിക്കേണ്ടതാണ്‌. എന്നാല്‍ രണ്ടാമത്തെ നിബന്ധനപ്രകാരം മക്കയില്‍ സൂര്യാസ്‌തമയത്തിന്‌ 10 മിനിട്ട്‌ മുമ്പ്‌ ചന്ദ്രന്‍ അസ്‌മിക്കുന്നതിനാല്‍ ദുല്‍ഖഅദ 30 ദിവസം പൂര്‍ത്തിയാക്കി ബുധനാഴ്‌ച മാസം തുടക്കമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതുമൂലം ലോകജനതക്കുണ്ടായ അനുഭവമെന്താണെന്ന്‌ പരിശോധിക്കാം.

1) സൂര്യന്റെ ദക്ഷിണായത്തിലേക്കും ഉത്തരായനത്തിലേക്കുമുള്ള ചലനം മൂലം സൂര്യചന്ദ്ര അസ്‌തമയ സമയം വ്യത്യാസപ്പെട്ടിരിക്കുന്നു. സൂര്യനും ചന്ദ്രനും കിഴക്കുദിച്ച്‌ പടിഞ്ഞാറ്‌ അസ്‌തമിക്കുന്നു. 
15.10.12 ന്‌ മക്കയില്‍ സൂര്യന്‍ 5.56 നും ചന്ദ്രന്‍ 5.48 നും അസ്‌തമിക്കുന്നു. മക്കയുടെ നേര്‍തെക്ക്‌ മൊസാംബികില്‍ സൂര്യന്‍ 5.56 നും ചന്ദ്രന്‍ 6.03 നും അസ്‌തമിക്കുന്നു. ഒരേ രേഖാംശത്തില്‍ സൂര്യചന്ദ്ര ഉദയാസ്‌തമയങ്ങള്‍ വ്യത്യസ്‌തമാണ്‌ എന്നതിനാല്‍ മൊസാംബിക്കിലെ ഉദയവും അസ്‌തമയവും പ്രസ്‌തുത രേഖാംശത്തിലുള്ള എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാക്കുകയാണ്‌ വേണ്ടത്‌. അതാണ്‌ ശാസ്‌ത്രം. അതുതന്നെയാണ്‌ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പാഠവും. 
2) സൌദി അറേബ്യയില്‍ മാസപ്പിറവിക്ക്‌ നിശ്ചയിക്കുന്ന മാനദണ്ഡം ലോകത്തെ എല്ലാ പട്ടണങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ബാധകമാണല്ലോ. കാരണം ഇസ്‌ലാമിന്‌ ഒരു നിയമമല്ലേയുള്ളൂ. മക്കയെ `ഉമ്മുല്‍ ഖുറാ' എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌. അങ്ങിനെയെങ്കില്‍ സൌദിഅറേബ്യക്ക്‌ പടിഞ്ഞാറുള്ള എല്ലാ രാജ്യങ്ങള്‍ക്കും 15.10.12 ന്‌ സൂര്യാസ്‌തമയശേഷം ഹിലാല്‍ അസ്‌തമിക്കുന്ന അവസ്ഥയാണുള്ളത്‌. ലോകജനതയുടെ പകുതി വരും ഇത്‌. ഇവര്‍ക്കൊക്കെ സൌദി നിബന്ധനപ്രകാരം തന്നെ മാസപ്പിറവി സംഭവിച്ചിട്ടും മാസം തുടങ്ങാന്‍ കഴിയാതെ വരികയും ഹജ്ജ്‌ തെറ്റായ ദിവസം നടത്തേണ്ടിവരികയും ചെയ്‌തിരിക്കുന്നു. ലോകരാജ്യങ്ങളില്‍ ഭൂരിപക്ഷവും ഇപ്പോള്‍ നോമ്പും പെരുന്നാളും തീരുമാനിക്കാന്‍ ചന്ദ്രക്കല നോക്കുന്നില്ല. പകരം സൌദിഅറേബ്യയുടെ തീരുമാനം അംഗീകരിക്കുകയാണ്‌ ചെയ്യുന്നത്‌. പക്ഷെ, ഈ അംഗരാജ്യങ്ങളെ സൌദി അറേബ്യ പരിഗണിക്കുന്നില്ല. പട്ടണങ്ങളുടെ മാതാവ്‌(ഉമ്മുല്‍ ഖുറാ) എന്ന്‌ വിശേഷിപ്പിക്കപ്പെട്ട മക്കയുടെ തിയ്യതി ലോകം മുഴുവന്‍ സ്വീകരിക്കണം. അതേ സമയം ഏത്‌ പട്ടണത്തില്‍ വെച്ച്‌ പിറവി സംവിച്ചാലും ആയത്‌ അംഗീകരിക്കേണ്ട ബാധ്യത മക്കക്കുണ്ട്‌. അതല്ലെങ്കില്‍ അല്ലാഹു പുണ്യദിനങ്ങളായി കല്‍പ്പിക്കപ്പെട്ട ദിവസങ്ങളും തിയ്യതികളും മറ്റു പ്രദേശക്കാര്‍ക്ക്‌ അനുഷ്‌ഠിക്കാന്‍ കഴിയാതെ വരും. ഉദാ: നബി(സ)യുടെ ജന്‍മദിനം. റബീഉല്‍ അവ്വല്‍ 14 തിങ്കളാഴ്‌ച പ്രഭാതത്തില്‍ നബി(സ)ജനിച്ചു. അമേരിക്കയില്‍ അപ്പോള്‍ 13–ാം തിയ്യതി ഞായറാഴ്‌ച വൈകുന്നേരം ആയിരുന്നു. അമേരിക്കയിലെ മദ്രസകളില്‍ ഇങ്ങനെയാണോ പഠിപ്പിക്കേണ്ടത്‌. നബി(സ)തിങ്കളാഴ്‌ച സുന്നത്ത്‌ നോമ്പ്‌ നോറ്റിരുന്നതിനാല്‍ അമേരിക്കയില്‍ ഞായറാഴ്‌ച നോറ്റാല്‍ മതിയോ? ബദര്‍ ദിനവും ലൈലത്തുല്‍ ഖദ്‌റും എല്ലാം ഇങ്ങനെ തെറ്റി കണക്കാക്കാമോ? മക്കയില്‍ സംഭവിച്ച ദിനം അമേരിക്കയില്‍ അംഗീകരിച്ചതുപോലെ അമേരിക്കയിലോ മറ്റേതെങ്കിലും പ്രദേശത്തോ മാസപ്പിറവി സംഭവിച്ചാല്‍ ആയത്‌ മക്കയിലും സ്വീകരിക്കപ്പെടേണ്ടതാണ്‌.


കേരള മുസ്‌ലിംകള്‍ക്ക്‌ എന്ത്‌ പറ്റി?

അന്ധമായ അനുകരണം അഥവ തഖ്‌ലീദ്‌ പാടില്ല എന്നതായിരുന്നു നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഒരു പ്രധാന വിഷയം. ചിലര്‍ മദ്‌ഹബുകളെ തഖ്‌ലീദ്‌ ചെയ്യുമ്പോള്‍ മറ്റു ചിലര്‍ തങ്ങളുടെ സംഘടനകളെ തഖ്‌ലീദ്‌ ചെയ്യുകയാണിപ്പോള്‍ മാസപ്പിറവിയെ സംബന്ധിച്ച്‌ വ്യക്തമായ ഒരു കാഴ്‌ചപ്പാടും കേരള മുസ്‌ലിം നേതൃത്വത്തിനില്ല. പറയുന്നതല്ല പ്രായോഗിക ജീവിതത്തില്‍ പുലര്‍ത്തുന്നത്‌. കണ്ണുകൊണ്ട്‌ കാണമെന്ന്‌ വാശിപിടിക്കുന്നു. സൂര്യനു മുമ്പെ അസ്‌തമിച്ചുപോയതും സൂര്യന്റെ കൂടെ അല്ലെങ്കില്‍ സൂര്യന്റെ തൊട്ടുപിറകെ അസ്‌തമിച്ച ചന്ദ്രനെയും കണ്ടു എന്നുള്ള അസത്യസാക്ഷ്യം സ്വീകരിച്ച്‌ മാസപ്പിറവി നിശ്ചയിക്കുകയായിരുന്നു കഴിഞ്ഞ 35വര്‍ഷവും കേരളത്തിലെ മുസ്‌ലിം മത നേതൃത്വം. 2006–ലെ റമളാനില്‍ സൂര്യന്ന്‌ 3 മിനിട്ട്‌ മുമ്പായി അസ്‌തമിച്ച ചന്ദ്രനെയും ശവ്വാലില്‍ സൂര്യാസ്‌തമയശേഷം ഒരു മിനിട്ട്‌ കഴിഞ്ഞ്‌ അസ്‌തമിച്ച ചന്ദ്രനെയും `കണ്ടവരാണ്‌' കേരള മുസ്‌ലിംകള്‍ 16.10.12ന്ന്‌ 45 മിനിട്ട്‌ കഴിഞ്ഞ്‌ അസ്‌തമിച്ച ചന്ദ്രക്കല ആരും നോക്കിയതുമില്ല, കണ്ടതുമില്ല. നാലു ദിവസത്തിന്‌ ശേഷം മുന്‍കാലപ്രാബല്യത്തോടെ പരപ്പനങ്ങാടിയിലും കോഴിക്കോട്ടും മാസപ്പിറവി കണ്ടുവത്രെ. തെക്കന്‍ കേരളത്തില്‍ നിന്നും പെരുന്നാള്‍ ശനിയാഴ്‌ചയാണെന്ന പ്രഖ്യാപനം ഉണ്ടായപ്പോഴൊന്നും പരപ്പനങ്ങാടിയില്‍ കണ്ടയാള്‍ രംഗത്തുവന്നില്ല. ശനിയാഴ്‌ചയുടെ പ്രഖ്യാപനം വന്നപ്പോള്‍ അണികളില്‍ നിന്നുള്ള രോഷപ്രകടനം സഹിക്കവയ്യാതെ വന്നപ്പോള്‍ നേതാക്കന്‍മാര്‍ക്ക്‌ മുന്‍കാല പ്രാബല്യത്തില്‍ കാണേണ്ടിവന്നു എന്നതല്ലെ സത്യം. 

ഹിലാല്‍ കമ്മിറ്റി രൂപീകരിച്ചതിന്‌ ശേഷം ഇന്നേവരെ അവരുടെ കലണ്ടറില്‍ 30–ാം തിയ്യതി രേഖപ്പെടുത്തിയ ദിവസം മാസപ്പിറവി നോക്കാന്‍ ആഹ്വാനം ചെയ്‌തിട്ടില്ല. ഇക്കൊല്ലവും 16–ാം തിയ്യതി മാസപ്പിറവി നോക്കാന്‍ ഇവര്‍ ആഹ്വാനം ചെയ്‌തിട്ടില്ല. എന്നിട്ടും കാണാത്തതിന്റെ അടിസ്ഥാനത്തില്‍ കലണ്ടറില്‍ ദുല്‍ഖഅദ 31–ാം തിയ്യതിയാക്കാനും പിന്നീട്‌ കണ്ടതിന്റെ അടിസ്ഥാനത്തില്‍ 30 മതിയാക്കാനും തീരുമാനിച്ച ഹിലാല്‍ കമ്മിറ്റിയുടെ പുതിയ നിലപാടുകള്‍ക്ക്‌ പിന്നിലെ ചേതോവികാരം എന്താണെന്ന്‌ മുജാഹിദ്‌ പ്രവര്‍ത്തകര്‍ ചിന്തിച്ചുനോക്കുക.

നംവബര്‍ പതിമൂന്നിന്‌ പൂര്‍ണ്ണ സൂര്യഗ്രഹണമുണ്ട്‌. ഗ്രഹണം മാസത്തിലെ അവസാനദിവസത്തിലാണുണ്ടാവുക. മാസത്തില്‍ 29 അല്ലെങ്കില്‍ 30 ദിവസങ്ങളാണുണ്ടാവുകയെന്നത്‌ നബി(സ)പഠിപ്പിച്ചിട്ടുണ്ട്‌. പക്ഷെ ഈ വര്‍ഷത്തെ ദുല്‍ഹിജ്ജ മാസത്തില്‍ മുസ്‌ലിംകള്‍ക്ക്‌ 28 ദിവസങ്ങളെയുള്ളൂ. ശനിയാഴ്‌ച പെരുന്നാള്‍ ആഘോഷിക്കുന്നവര്‍ക്ക്‌ 27 ദിവസവും ഖുര്‍ആന്‍ 9:37–ല്‍ പറഞ്ഞ `ഇന്നമന്നസ്വീഹ്‌ സിയാദത്തന്‍ ഫില്‍ കുഫ്‌റ്‌' ഇതല്ലാതെ മറ്റെന്താണ്‌..,.

കൂട്ട പ്രസ്‌താവനയില്‍ ഒപ്പുവെക്കാത്ത നദ്‌വത്തുല്‍ മുജാഹിദീന്‍ കെ.ജെ.യു അഭിനന്ദനമര്‍ഹിക്കുന്നുണ്ട്‌. അറഫ നടക്കുന്ന വ്യാഴാഴ്‌ച അറഫ നോമ്പെടുത്ത്‌ വെള്ളിയാഴ്‌ച പെരുന്നാള്‍ ആഘോഷിക്കണമെന്നോ ദുല്‍ഖഅദ 30 പൂര്‍ത്തിയാക്കിയിട്ടെന്നോ പറഞ്ഞിരുന്നുവെങ്കില്‍ ഇവരുടെ ആത്മാര്‍ത്ഥതയുടെ ഗ്രാഫ്‌ ഉയരുമായിരുന്നു. അതൊന്നും മാനദണ്‌ഡമാക്കാതെ പരപ്പനങ്ങാടിയിലെ 30–ാം തിയ്യതിയിലെ കാഴ്‌ച മാനദണ്ഡമാക്കിയത്‌ ഗ്രാഫില്‍ കുറവുവരുത്തിയെങ്കിലും പെരുന്നാള്‍ ദിവസം നോമ്പെടുക്കുന്ന ഹറാം ചെയ്യുകയാണെങ്കിലും ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച്‌ പ്രതികരിച്ച കെ.ജെ.യു നേതൃത്വത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.

``അഹില്ലയെ(ചന്ദ്രക്കലകളെ) കുറിച്ച്‌ ചോദിക്കുന്നു. പറയുക, അവ ജനങ്ങള്‍ക്കും ഹജ്ജിന്നും തിയതികള്‍ കാണിക്കുന്നു''(ഖു.2: 181). എന്നാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. അതായത്‌ ഏഴ്‌ ദിവസത്തെ കലകള്‍ നോക്കി എട്ടാം ദിവസം ഹജ്ജ്‌ തുടങ്ങണം. നിങ്ങള്‍ ആകാശത്തേലേക്ക്‌ നോക്കുക. സൂര്യാസ്‌തമയ സമയത്ത്‌ തലക്കുമുകളില്‍ അര്‍ദ്ധചന്ദ്രനെ കാണുകയും അര്‍ദ്ധരാത്രിയില്‍ ചന്ദ്രന്‍ അസ്‌തമിക്കുകയും ചെയ്യുന്ന ദിവസം 7–ാം തിയതിയാണ്‌. അടുത്ത ദിവസം ഹജ്ജ്‌ തുടങ്ങേണ്ട യൌമുത്തര്‍വ്വിയ്യ ആണ്‌. തിങ്കളാഴ്‌ച രാത്രി 12 മണിക്ക്‌ (അര്‍ദ്ധ) ചന്ദ്രന്‍ അസ്‌തമിക്കുന്നു. അതിനാല്‍ ചൊവ്വാഴ്‌ചയാണ്‌ യൌമുത്തര്‍വ്വിയ്യ ആവേണ്ടത്‌. ബുധന്‍ അറഫയും വ്യാഴം പെരുന്നാളും. അല്ലാഹുവിന്റെ നിശ്ചയത്തെ മാറ്റാന്‍ രാജാക്കന്‍മാര്‍ക്കോ നേതാക്കന്‍മാര്‍ക്കോ സാധിക്കില്ല. സത്യത്തിന്റെ പാതയില്‍ ഒരു ചെറുസംഘം ഉണ്ടാവുമെന്ന്‌ നബി(സ)അരുളിയിട്ടുണ്ടല്ലോ. അല്ലാഹു സു.തയുടെ സൃഷ്ടിപ്പ്‌ നിയമപ്രകാരം ചന്ദ്രന്‍ ആകാശത്തു കാണിച്ചുതരുന്ന കലയുടെ അടിസ്ഥാനത്തില്‍ തിയ്യതി കണക്കാക്കാന്‍ തയ്യാറാവുക. വ്യാഴാഴ്‌ച ബലിപെരുന്നാള്‍ ആഘോഷിക്കുക. അല്ലാഹുവിന്റെ അനുഗ്രഹം കരസ്ഥമാക്കുക.

ഹിജ്‌റി കമ്മിറ്റി ഓഫ്‌ ഇന്ത്യ
കോഴിക്കോട്‌ – 1, 22-10-2012

ബലിപെരുന്നാള്‍ നമസ്‌കാരം വ്യാഴാഴ്‌ച രാവിലെ 8 മണിക്ക്‌. 
കോഴിക്കോട്‌ -  - , ജൂബിലി ഹാള്‍ കണ്ടംകുളം)

----------------
----------------
Posted on behalf of Abdul Shukkur, kozhikkode.

No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.